കൊല്ലം: കടയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 74-കാരിക്ക് നേരെ പൂവൻകോഴിയുടെ അപ്രതീക്ഷിത ആക്രമണം. കൊട്ടാരക്കര പൂയപ്പള്ളിയിലാണ് സംഭവം. പൂവൻകോഴിയുടെ ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്ന് മടങ്ങുന്നതിനിടെ പൂവൻകോഴി ജോയിസിന് മേൽ ചാടി കയറുകയായിരുന്നു. തലയിൽ കയറിയ കോഴി തലയിലും മൂക്കിന്റെ വശത്തും ഇടത് പുരികത്തിന് സമീപവും തുടർച്ചയായി കൊത്തി പരിക്കേൽപ്പിച്ചു.
ജോയിസിന്റെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും മുഖമൊട്ടാകെ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. നാട്ടുകാർ കോഴിയെ മാറ്റിയശേഷം ജോയിസിനെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനുസമീപം ഉൾപ്പെടെ പരിക്കേറ്റ ജോയിസിന് 12 തുന്നൽ വേണ്ടിവന്നു.
സംഭവത്തിൽ വീട്ടുകാർ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും കോഴിക്കെതിരെ നടപടി വേണമെന്ന ആവശ്യം ജോയിസ് മുന്നോട്ടുവച്ചില്ല. പ്രദേശത്ത് മുൻപും പൂവൻകോഴിയുടെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.






