ബെംഗളൂരു: അധ്യാപകരുടെ നിരന്തര മാനസിക പീഡനവും പരസ്യ അപമാനവും സഹിക്കാനാകാതെ ബെംഗളൂരുവിൽ ബാങ്കിങ് പരീക്ഷാ പരിശീലന വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി. ബിഹാർ സ്വദേശിയായ ചുന്നു കുമാർ (23) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മണിപ്പാൽ അക്കാദമിയിലെ വകുപ്പ് മേധാവിയുൾപ്പെടെ അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു.
ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ് പരീക്ഷകൾക്കായുള്ള പരിശീലനത്തിനായി കഴിഞ്ഞ മാർച്ചിലാണ് ചുന്നു ബംഗളൂരുവിലെത്തിയത്. ചില പരീക്ഷകളിൽ പരാജയപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ക്ലാസ് മുറികളിൽ വെച്ച് ചുന്നുവിനെ നിരന്തരം അപമാനിച്ചിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. ‘ഒന്നിനും കൊള്ളാത്തവൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അമിതമായ പ്രോജക്ട് ജോലികൾ നൽകി മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.
അധ്യാപകരുടെ പെരുമാറ്റത്തെ തുടർന്ന് ചുന്നു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് റൂംമേറ്റ് അങ്കിത് ശർമ്മ പറഞ്ഞു. മേയ് 18ന് നടന്ന പരീക്ഷയ്ക്കിടെ ചുന്നു പകുതിവഴിയിൽ പരീക്ഷാഹാളിൽ നിന്ന് പുറത്തുപോയിരുന്നു. വൈകിട്ട് മുറിയിലെത്തിയപ്പോഴാണ് റൂംമേറ്റ് ചുന്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അക്കാദമി മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബവും രംഗത്തെത്തി. മരണവിവരം ഉടൻ പൊലീസിനെ അറിയിക്കാതെ അക്കാദമി അധികൃതർ മൃതദേഹം മുറിയിൽ നിന്ന് മാറ്റിയതായും, സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതായും ചുന്നുവിന്റെ പിതാവ് മുന്ന കുമാർ ആരോപിച്ചു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അക്കാദമിയിലെ എച്ച്.ഒ.ഡി ചന്ദ്രശേഖർ കനഹിയ, അധ്യാപിക സുനിതാശ്രീ ജഗ്താപ്, പ്രോഗ്രാം ഹെഡ് വെങ്കിടേഷ് കെ.വി എന്നിവരുള്‍പ്പെടെയുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണ, ക്രിമിനൽ ഭീഷണി, മാനസിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കർണാടക പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അക്കാദമി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.






