എറണാകുളം: നെടുമ്പാശേരിയിൽ പാചകവാതക സിലിണ്ടറിൽ വെള്ളം കണ്ടെത്തിയതായി പരാതി. കപ്രശേരി സ്വദേശി അനിലിന് ലഭിച്ച സിലിണ്ടറിലാണ് വെള്ളമുണ്ടായിരുന്നത്. പതിവിലേതിനേക്കാൾ വേഗത്തിൽ ഗ്യാസ് തീർന്നതിനെ തുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ടാക്സി ഡ്രൈവറായ അനിലിന്റെ വീട്ടിൽ ഒരു സിലിണ്ടർ സാധാരണയായി 40 ദിവസത്തോളം ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാൽ പുതിയതായി ലഭിച്ച സിലിണ്ടർ 19 ദിവസം കൊണ്ടുതന്നെ കാലിയായതോടെ പരിശോധന നടത്തുകയായിരുന്നു. സിലിണ്ടറിന്റെ പിസ്റ്റൺ ആണി ഉപയോഗിച്ച് താഴ്ത്തി നോക്കിയപ്പോൾ അകത്ത് നിന്ന് വെള്ളം പുറത്തേക്ക് വന്നതായി അനിൽ പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപറേഷന്റേതാണ് സിലിണ്ടർ. സംഭവത്തിൽ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവരിൽ നിന്ന് നടപടിയൊന്നും ഉണ്ടായില്ലെന്നും അനിൽ ആരോപിച്ചു.






