ജയ്പുർ: ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ഇപ്പോൾ വൈഭവ്. നിലവിൽ 53 സിക്‌സറാണ് വൈഭവ് ഈ സീസണിൽ നേടിയത്. 59 സിക്‌സർ നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ തലപ്പത്ത്. വൈഭവിന് ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ഗെയിലിന്റെ റെക്കോർഡ് തകരാൻ സാധ്യത ഏറെയാണ്.
ഏഴുസിക്സർ കൂടി നേടിയാൽ ഗെയ്ലിനെ മറികടന്ന് റെക്കോഡ് കുറിക്കാൻ താരത്തിന് കഴിയും. നേരത്തേ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന ഇന്ത്യൻ താരമായി വൈഭവ് മാറിയിരുന്നു. ലഖ്നൗവിനെതിരായ പ്രകടനത്തോടെ ഒരു ഐപിഎൽ സീസണിൽ അമ്പതിലധികം സിക്‌സർ നേടുന്ന ആദ്യ ഇന്ത്യൻ താരമായും പതിനഞ്ചുകാരൻ മാറി.
സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വൈഭവ് ഒന്നാമതെത്തി. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 579 റൺസാണ് വൈഭവിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 563 റൺസുമായി മിച്ചൽ മാർഷാണ് രണ്ടാമത്. ഒരു ഐപിഎൽ സീസണിൽ 500 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് വൈഭവ്.






