ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ 20 കാരിയായ മലയാളി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ച് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസ് യുവതിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.
സംഭവം വിവാദമായതോടെ കർണാടക പൊലീസ് ഇടപെട്ടു. കേസെടുക്കുന്നതിൽ ഉണ്ടായ താമസത്തെ തുടർന്ന് ഡിസിപിയോട് പൊലീസ് കമ്മീഷണർ വിശദീകരണം തേടിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.
പ്രതി ഹൈനസ് നിലവിൽ ഒളിവിലാണെന്നും, ഇയാൾ കേരളത്തിലേക്ക് കടന്നതായി സംശയിക്കുന്നുവെന്നുമാണ് വിവരം. മെയ് 12 ന് സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വെച്ചാണ് യുവതി അതിക്രമത്തിന് ഇരയായത്. പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന യുവതി അസ്വസ്ഥതയെ തുടർന്ന് മുറിയിൽ വിശ്രമിക്കുമ്പോഴാണ് ഹൈനസ് എത്തി പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. തുടർന്ന് അടുത്ത ദിവസം തന്നെ യുവതി മഡിവാള പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് ആരോപണം. പരാതി നൽകാതിരിക്കാൻ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയതായും അപമാനിച്ചുവിട്ടതായും യുവതി വെളിപ്പെടുത്തി.






