പഞ്ചാബ്: പഞ്ചാബിലെ പത്താൻകോട്ടിൽ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ ചോർത്തി പാകിസ്താനിലേക്ക് കൈമാറിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട്-ജമ്മു ദേശീയപാത 44ന് സമീപമുള്ള പാലത്തിനരികിലെ കടയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് സൈനിക വാഹനങ്ങളുടെ ദൃശ്യങ്ങൾ ശേഖരിച്ച ബൽജിത് സിങ് എന്ന ബിട്ടുവിനെയാണ് പിടികൂടിയത്.
ചക് ധരിവാൾ സ്വദേശിയായ ഇയാൾ സൈനിക വാഹനങ്ങളുടെ പോക്കുവരവ് നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റർനെറ്റ് വഴി ഈ ദൃശ്യങ്ങൾ പാകിസ്താനിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും ഏജന്റുമാർക്ക് തത്സമയം ലഭിച്ചിരുന്നുവെന്ന് സീനിയർ പൊലീസ് ഓഫീസർ ദൽജീന്ദർ സിങ് ധില്ലൺ പറഞ്ഞു.
ദുബായിലുള്ള ഒരാളുടെ നിർദേശപ്രകാരമാണ് ജനുവരിയിൽ ക്യാമറ സ്ഥാപിച്ചതെന്നും അതിന് പ്രതിഫലമായി 40,000 രൂപ ലഭിച്ചതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാളിൽ നിന്ന് സിസിടിവി ക്യാമറയും വൈഫൈ റൂട്ടറും പൊലീസ് കണ്ടെടുത്തു.
ബൽജിത് സിങ്ങിന്റെ കൂട്ടാളികളായ വിക്രംജിത് സിങ്, ബൽവീന്ദർ സിങ്, തരൺപ്രീത് സിങ് എന്നിവർക്കെതിരെയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം സമാനരീതിയിൽ പ്രവർത്തിച്ചിരുന്ന രണ്ട് ചാരസംഘങ്ങളെയും പഞ്ചാബ് പൊലീസ് പിടികൂടിയിരുന്നു. ഐ.എസ്.ഐയുടെ പിന്തുണയോടെ പ്രവർത്തിച്ച ഇവർ ചൈനീസ് നിർമിത സോളാർ സിസിടിവി ക്യാമറകൾ ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ.
സോളാർ പാനലുകളും 4ജി കണക്റ്റിവിറ്റിയുമുള്ള ഈ ക്യാമറകൾക്ക് പ്രത്യേക വയറിങ് ആവശ്യമില്ലാത്തതിനാൽ രഹസ്യമായി പ്രവർത്തിപ്പിക്കാൻ എളുപ്പമാണെന്ന് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി.
ജലന്ധറിലും കപുർത്തലയിലും നടന്ന പരിശോധനകളിൽ സുഖ്‌വീന്ദർ സിങ്, സോന, സന്ദീപ് സിങ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ സന്ദീപ് സിങ് ഡ്രോൺ വഴി എത്തുന്ന ലഹരിമരുന്ന് വിതരണ സംഘത്തിലും ഉൾപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. വിദേശബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






