തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകനും എഴുത്തുകാരനുമായ മധുപാൽ രാജിവെച്ചു. സംസ്ഥാനത്ത് ഭരണതലത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് രാജിയെന്ന് അദ്ദേഹം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ നാല് വർഷത്തിനിടെ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി മധുപാൽ വ്യക്തമാക്കി. ഈ കാലയളവിൽ പെൻഷനും മറ്റ് ധനസഹായങ്ങളും വർധിപ്പിച്ചതാണ് പ്രധാന നേട്ടമെന്നും അദ്ദേഹം പറഞ്ഞു. 4000 രൂപയായിരുന്ന പെൻഷൻ 5000 രൂപയായി ഉയർത്തി. കുടുംബ പെൻഷനും അവശതാ പെൻഷനും 1100 രൂപയിൽ നിന്ന് 1600 രൂപയാക്കി വർധിപ്പിക്കാനുള്ള സർക്കാർ ഉത്തരവും ലഭിച്ചു. ഏപ്രിലിൽ 4600 പേർക്ക് പെൻഷനും 375 പേർക്ക് കുടുംബപെൻഷനും വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു.
വിവാഹ ധനസഹായം 25,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി. ചികിത്സാ ധനസഹായവും മരണാനന്തര സഹായവും വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സിനിമ ടിക്കറ്റുകളിൽ നിന്നുള്ള സെസും അംഗങ്ങളുടെ അംശാദായവുമാണ് ബോർഡിന്റെ പ്രധാന വരുമാനമാർഗം. 2022-ൽ 23 ലക്ഷം രൂപ മാത്രമുണ്ടായിരുന്ന കരുതൽ ധനം ഈ വർഷം 75 ലക്ഷം രൂപയായി ഉയർന്നുവെന്നും മധുപാൽ അറിയിച്ചു.
ബോർഡിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയതും പ്രധാന നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ പെൻഷൻ, ധനസഹായ അപേക്ഷകൾ ഇനി ഓൺലൈനായി നൽകാൻ സാധിക്കുന്നതോടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമായതായി അദ്ദേഹം പറഞ്ഞു. കലാകാരന്മാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും അംഗത്വ നടപടികൾ ലളിതമാക്കുന്നതിനും സർക്കാർ തലത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മധുപാൽ വ്യക്തമാക്കി. തിയേറ്ററുകളിൽ നിന്ന് സെസ് പിരിവ് കാര്യക്ഷമമാക്കാനും ബോർഡിന് അനുകൂലമായി ഹൈക്കോടതി വിധികൾ ലഭിക്കാനുമുണ്ടായ ഇടപെടലുകൾ ബോർഡിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.






