ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് പ്രമുഖ അക്കാദമിക് വിദഗ്ദ്ധർക്ക് സുപ്രീംകോടതി ആശ്വാസം നൽകി. പ്രൊഫ. മിഷേൽ ഡാനിനോ, സുപർണ ദിവാകർ, ആലോക് പ്രസന്ന കുമാർ എന്നിവരെ അക്കാദമിക് പദ്ധതികളിൽ നിന്ന് മാറ്റിനിർത്തണമെന്ന മാർച്ച് 11-ലെ ഉത്തരവാണ് കോടതി പരിഷ്‌കരിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സർവകലാശാലകൾക്കും ഈ വിദഗ്ദ്ധരുമായി സഹകരിക്കുന്ന കാര്യത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ജോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
‘അറിഞ്ഞുകൊണ്ട് വസ്തുതകൾ വളച്ചൊടിച്ചു’ എന്ന മുൻ ഉത്തരവിലെ പരാമർശങ്ങളും കോടതി പിൻവലിച്ചു. പാഠപുസ്തകത്തിലെ ഉള്ളടക്കം ഒരാളുടെ മാത്രം അഭിപ്രായമല്ലെന്നും, കൂട്ടായ ചർച്ചകളും കരട് തയ്യാറാക്കലുകളും വഴിയാണ് രൂപപ്പെട്ടതെന്നും വിദഗ്ദ്ധർ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ ‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ എന്ന വിഷയം ഉൾപ്പെടുത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. നീതിന്യായ വ്യവസ്ഥയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ഫെബ്രുവരിയിൽ സുപ്രീംകോടതി പുസ്തകത്തിന്റെ അച്ചടിയും വിതരണവും നിരോധിച്ചിരുന്നു.
തുടർന്നാണ് പുസ്തകം തയ്യാറാക്കിയ സമിതിയിലെ ഈ മൂന്ന് വിദഗ്ദ്ധരെയും കരിമ്പട്ടികയിൽ പെടുത്താനും സർക്കാർ സ്ഥാപനങ്ങളിലും സർവകലാശാലകളിലും നിന്ന് മാറ്റിനിർത്താനും കോടതി നിർദേശിച്ചത്.
എന്നാൽ പുതിയ ഉത്തരവിലൂടെ, മുൻവിധികളില്ലാതെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പൊതുസർവകലാശാലകൾക്കും കോടതി അനുമതി നൽകി. പാഠപുസ്തകത്തിലെ ഉള്ളടക്കം അസന്തുലിതമായിരുന്നുവെന്ന വിലയിരുത്തൽ കോടതി ആവർത്തിച്ചെങ്കിലും, വ്യക്തിപരമായി അക്കാദമിക് വിദഗ്ദ്ധരെ ലക്ഷ്യമിട്ടല്ല മുൻ ഉത്തരവെന്ന് ബെഞ്ച് വ്യക്തമാക്കി.






