ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം ശ്രദ്ധ നേടുകയാണ് കോക്രോച്ച് ജനത പാർട്ടി (സിജെപി). ഫോളോവേഴ്സിന്റെ എണ്ണത്തിൽ റെക്കോഡ് സൃഷ്ടിച്ച സിജെപി ഇന്ത്യയ്ക്ക് പുറത്തേക്കും ശ്രദ്ധ നേടുന്നതായി റിപ്പോർട്ടുകളുണ്ട്. പാകിസ്താനിലും “കോക്രോച്ച് അവാമി പാർട്ടി”, “കോക്രോച്ച് അവാമി ലീഗ്” എന്നീ പേരുകളിൽ സമാന പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് തൊഴിലില്ലായ്മയിലുള്ള യുവാക്കളെ പ്രാണികളോടും പരാദങ്ങളോടും ഉപമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സിജെപി രൂപം കൊണ്ടത്. പിന്നീട് ചീഫ് ജസ്റ്റിസ് വിശദീകരണം നൽകിയെങ്കിലും സോഷ്യൽ മീഡിയയിൽ വിഷയം വലിയ ചർച്ചയായി.
അമേരിക്കയിൽ താമസിക്കുന്ന പബ്ലിക് റിലേഷൻസ് ബിരുദധാരിയും മുൻ ആം ആദ്മി പാർട്ടി സഹയാത്രികനുമായ അഭിജീത് ദീപ്കെയാണ് മേയ് 16ന് സിജെപി ആരംഭിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഗൂഗിൾ ഫോം അംഗത്വ ക്യാമ്പെയ്നിലൂടെയും പാർട്ടി പ്രചാരണം തുടങ്ങി.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 15 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ലഭിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ബിജെപിയുടെയും കോൺഗ്രസിന്റെയും ഔദ്യോഗിക അക്കൗണ്ടുകളേക്കാൾ കൂടുതൽ ഫോളോവേഴ്സ് സിജെപിക്ക് ലഭിച്ചുവെന്നാണ് പറയുന്നത്.
തൊഴിൽരഹിതരായ യുവാക്കളുടെ ശബ്ദമെന്ന നിലയിലാണ് സിജെപി സ്വയം അവതരിപ്പിക്കുന്നത്. പരിഹാസവും വിമർശനവും നിറഞ്ഞ പോസ്റ്റുകളിലൂടെ ശ്രദ്ധ നേടിയ സിജെപി മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തൊഴിലവസരങ്ങൾ, പരീക്ഷാ സംവിധാന പരിഷ്കാരം, മികച്ച പൊതുസേവനങ്ങൾ എന്നിവയാണ് പ്രധാന ആവശ്യങ്ങളായി മുന്നോട്ടുവയ്ക്കുന്നത്.






