ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് പുതിയ വർധന. ഈ മാസം മേയ് 15ന് ശേഷം ഉണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. പുതിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 99.51 രൂപയായി. ഡീസലിന്റെ വില 92.49 രൂപയായി ഉയർന്നു.
ഇതിനൊപ്പം സിഎൻജിയുടെ വിലയും കൂട്ടിയിട്ടുണ്ട്. കിലോയ്ക്ക് ഒരു രൂപ വർധിപ്പിച്ചതോടെ ഡൽഹിയിൽ സിഎൻജിയുടെ പുതിയ വില 81.09 രൂപയായി. മേയ് 15നായിരുന്നു ഈ മാസത്തെ ആദ്യ വിലവർധന. അന്ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടിയിരുന്നു. തുടർന്ന് മേയ് 19ന് വീണ്ടും 90 പൈസ വീതം വർധിപ്പിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും അന്താരാഷ്ട്ര വിപണിയിലെ എണ്ണവില ഉയരുന്നതുമാണ് ഇന്ധനവില വർധനയ്ക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.






