തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻറെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഇന്ന് ചുമതല ഏറ്റെടുക്കും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് ചുമതല ഏറ്റെടുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന രത്തൻ ഖേൽക്കറുടെ നിയമനത്തിനെതിരെ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ തീരുമാനം.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ വന്നത് അടക്കം ഉയർത്തിക്കാട്ടിയാണ് സിപിഎം സർക്കാരിനെതിരെ വാളെടുത്തിരിക്കുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും വിഷയം വലിയ ചർച്ചയാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഷയം ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്. ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന മനോജ് കുമാർ അഗർവാളിനെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബിജെപി ചീഫ് സെക്രട്ടറിയാക്കിയ് ഉയർത്തിയാണ് രത്തൻ ഖേൽഖറിൻ്റെ നിയമനത്തെ സിപിഎം ചോദ്യം ചെയ്യുന്നത്. എസ്ഐആറിന്റെ പേരിൽ ലക്ഷക്കണക്കിന് വോട്ടുകൾ കേരളത്തിൽ ഇല്ലാതാക്കി, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നിയമനമാണ് സർക്കാർ നടത്തിയത് എന്നാണ് സിപിഎം വാദം.






