കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി കാർത്തിക്കും സുഹൃത്ത് മോഹൻരാജും പൊലീസ് പിടിയിലായി.
കഴിഞ്ഞ വ്യാഴാഴ്ച പലചരക്ക് സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. വൈകുന്നേരമായിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സുലൂരിലെ ഒരു കുളത്തിൽ നിന്ന് കണ്ടെത്തിയത്.
കുട്ടിയുടെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അയൽവാസിയായ കാർത്തിക്കിനൊപ്പം കുട്ടി പോകുന്നതായി കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്ന് കാർത്തിക് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. മൃതദേഹം കുളത്തിൽ ഉപേക്ഷിക്കാൻ മോഹൻരാജ് സഹായിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ശക്തമായി പ്രതികരിച്ചു. കോയമ്പത്തൂരിൽ പത്തുവയസുകാരിക്ക് സംഭവിച്ചത് അത്യന്തം ദാരുണവും വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സമഗ്ര അന്വേഷണം നടത്തി ഉടൻ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർക്ക് നിയമപ്രകാരമുള്ള കടുത്ത ശിക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.






