കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽറ്റ നിയമസഭാ മണ്ഡലത്തിൽ നടന്ന റീപോളിങ്ങിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം ബിജെപി സ്ഥാനാർഥി ദേബാങ്ഷു പാണ്ഡയ്ക്ക് വലിയ മുന്നേറ്റമാണ് ലഭിച്ചിരിക്കുന്നത്. ഏഴ് റൗണ്ടുകൾ പൂർത്തിയായപ്പോൾ ബിജെപി 26,339 വോട്ടുകളുടെ ലീഡ് നേടി.
സിപിഎം സ്ഥാനാർഥി ശംഭു നാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തും തൃണമൂൽ കോൺഗ്രസ് നാലാം സ്ഥാനത്തുമാണ്. തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ഫാൽറ്റയിൽ, വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് തന്നെ പാർട്ടി മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു.
തെക്കൻ 24 പർഗാനാസ് ജില്ലയിലെ 285 ബൂത്തുകളിലായിരുന്നു മെയ് 21ന് റീപോളിങ് നടന്നത്. ഏപ്രിൽ 29നുണ്ടായ ആദ്യ വോട്ടെടുപ്പിൽ വോട്ടിങ് മെഷീനിലെ ചിഹ്നം മറച്ചുവെച്ചതടക്കമുള്ള ക്രമക്കേടുകൾ ഉണ്ടായെന്ന പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചത്. റീപോളിങ്ങിൽ 87 ശതമാനം പോളിങ് രേഖപ്പെടുത്തി. സുരക്ഷ ഉറപ്പാക്കുന്നതിനായി മണ്ഡലമൊട്ടാകെ 35 കമ്പനി കേന്ദ്ര സേനയെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിരുന്നു.






