റിയാദ്: രാജ്യത്ത് ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരായ പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ ഭാഗങ്ങളിൽ നിന്നായി 19,000 നിയമലംഘകരെ സുരക്ഷാ വിഭാഗം പിടികൂടി. നിലവിൽ 23,600-ലധികം വിദേശികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്, ഇതിൽ ആയിരത്തിലധികം സ്ത്രീകളും ഉൾപ്പെടുന്നു.
പിടിയിലായവരിൽ ഭൂരിഭാഗവും ഇഖാമ നിയമലംഘകരും അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരുമാണെന്ന് അധികൃതർ അറിയിച്ചു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,158 പേരെയും രാജ്യം വിടാൻ ശ്രമിച്ച 54 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടിയിലായവരിൽ 16,400 പേരെ യാത്രാരേഖകൾ തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറിയിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ 9,800 പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയതായും റിപ്പോർട്ടുണ്ട്.
നിയമലംഘകർക്ക് അഭയം നൽകുകയോ ജോലി നൽകുകയോ ചെയ്ത എട്ടുപേരെയും പിടികൂടിയിട്ടുണ്ട്. അതിർത്തി സുരക്ഷാ നിയമലംഘകർക്ക് സഹായം നൽകുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ഇതിന് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുമെന്നും അറിയിച്ചിട്ടുണ്ട്.
നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മക്ക, മദീന, റിയാദ് മേഖലകളിൽ 911-ലും മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 നമ്പറുകളിലും അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.






