കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി പൊലീസ് ശക്തമായ പരിശോധന തുടരുന്നതിനിടെ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ മഹഫൂജ് എസ്.കെ. (21), ഈമാൻ എസ്.കെ. (23) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മുർഷിദാബാദ് ജില്ലയിലെ കാസിപാറ സ്വദേശികളായ ഇവർ സഹോദരങ്ങളാണെന്നും പൊലീസ് അറിയിച്ചു.
ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് (DANSAF) സംഘമാണ് ഇരുമ്പനം ചുങ്കം റോഡിലെ പ്രതികളുടെ വാടകവീട് വളഞ്ഞ് പരിശോധന നടത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ 6.112 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇത്രയും വലിയ അളവിൽ കഞ്ചാവ് വിതരണത്തിനായി എത്തിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതിഥി തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ലഹരി വിതരണം ചെയ്യുന്ന ശൃംഖലയുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. പിടിയിലായവരെ തുടർനടപടികൾക്കായി ലോക്കൽ പൊലീസിന് കൈമാറി.
കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നും ഇതിന് പിന്നിൽ മറ്റ് ലഹരി മാഫിയകളുടെ ബന്ധമുണ്ടോയെന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നഗരത്തിൽ ലഹരി വിനിമയം തടയുന്നതിനുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കി.






