കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിൽ പാതയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വിനോദസഞ്ചാര മേഖലയായ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. റെനോൾട്ട് ഡസ്റ്റർ മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിൽ ഉണ്ടായിരുന്നവർ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ സുരക്ഷിതരായി രക്ഷപ്പെട്ടു. പിന്നാലെ തീ വേഗത്തിൽ പടരുകയായിരുന്നു.
മുക്കം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ എത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.






