കാസർകോട്: വിവാഹ വാർഷിക തലേന്ന് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മരിച്ച സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ടുപ്രകാരം, മുഖത്തും കൈകളിലും രക്തം കല്ലിച്ച പാടുകളും ശരീരത്തിൽ നഖക്കുരുക്കുകളുടെയും അടയാളങ്ങളുമുണ്ട്. ഇവ പുതിയ പരിക്കുകളാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവദിവസം ഭാര്യയെ മർദിച്ചതായി ഭർത്താവ് ആദിൽ പൊലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ആദിൽ റിമാൻഡിലാണ്.
ഇന്നലെയാണ് സുഫൈദ ഭർതൃവീട്ടുകാരുടെ സാന്നിധ്യത്തിൽ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. ഇന്നായിരുന്നു ദമ്പതികളുടെ ഒന്നാം വിവാഹ വാർഷികം. ഇവർക്കൊരു മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞുമുണ്ട്.
സ്വർണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും, വിവാഹശേഷം ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കുടുംബങ്ങൾ ഇടപെട്ട് പലതവണ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.






