ആലപ്പുഴ: ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് സംബന്ധിച്ച് സിപിഎം നേതാക്കൾക്ക് കൗൺസലിങ് നൽകണമെന്ന് പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഈ വിമർശനം ഉയർന്നത്. കഞ്ഞിക്കുഴി കണ്ണർകാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ സംസാരിച്ച അംഗങ്ങൾ, ജനകീയ സർക്കാരിനെ ജനങ്ങളിൽ നിന്ന് അകറ്റിയത് പാർട്ടി നേതൃത്വത്തിന്റെ സമീപനമാണെന്ന് ആരോപിച്ചു.
മുതിർന്ന നേതാക്കളുടെ പെരുമാറ്റശൈലി പുതിയ തലമുറ നേതാക്കളും പിന്തുടരുന്നതായി അംഗങ്ങൾ വിമർശിച്ചു. പുതുതായി നേതൃസ്ഥാനങ്ങളിലേക്ക് എത്തുന്നവർക്ക് ജനങ്ങളുമായി ഇടപെടാനുള്ള കഴിവ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഭരണകാലത്ത് ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർ മന്ത്രിമാരെയോ എംഎൽഎമാരെയോ സമീപിച്ചപ്പോൾ മോശം അനുഭവങ്ങൾ ഉണ്ടായിരുന്നുവെന്നും ചിലർ പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും ഒരു അംഗം ആവശ്യപ്പെട്ടു. ടി. ശശിധരൻ, സുരേഷ് കുറുപ്പ്, സി. രവീന്ദ്രനാഥ് എന്നിവരെപ്പോലെ ജനങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന നേതാക്കളെ കൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടു.
നവകേരള സദസും അയ്യപ്പ സംഗമവും നടത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ജനങ്ങളിൽ നിന്ന് ലഭിച്ച പരാതികൾക്ക് പരിഹാരം ലഭിക്കാത്തതും തിരഞ്ഞെടുപ്പ് ഫലത്തിൽ തിരിച്ചടിയായെന്ന് അംഗങ്ങൾ വിലയിരുത്തി. ജില്ലാ, ഏരിയ കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വിവിധ ലോക്കൽ കമ്മിറ്റികളിലെ അവലോകന യോഗങ്ങൾ നടക്കുന്നത്.






