ഹൈദരാബാദ്: 200 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ച് റീൽസ് ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ പുപ്പൽഗുഡ അൽക്കാപൂർ ടൗൺഷിപ്പ് സ്വദേശിയായ കൊത്തപ്പള്ളി യശ്വന്ത് റെഡ്ഡിയെയാണ് പൊലീസ് പിടികൂടിയത്. റോഡ് പട്രോളിംഗ് ഓഫീസർ കാരിംഗുള സായിറാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മെയ് 10നാണ് സംഭവം നടന്നത്. പുതുതായി വാങ്ങിയ “TGTR2026” എന്ന താൽക്കാലിക രജിസ്ട്രേഷൻ നമ്പറുള്ള ഫോക്‌സ്‌വാഗൺ വിർട്ടസ് കാർ ഉപയോഗിച്ചായിരുന്നു യുവാവിന്റെ അപകടകരമായ ഡ്രൈവിംഗ്. നർസിംഗി ടോൾ പ്ലാസയിൽ നിന്ന് ടിജിപിഎ ടോൾ പ്ലാസ വരെയുള്ള ഔട്ടർ റിംഗ് റോഡിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചതായി പൊലീസ് കണ്ടെത്തി.
യാത്രക്കാരുടെയും ടോൾ പ്ലാസ ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന രീതിയിലായിരുന്നു ഡ്രൈവിംഗ്. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി “യശ്വന്ത് റെഡ്ഡി” എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
2026 ഏപ്രിലിൽ വാങ്ങിയ കാറിന്റെ പ്രകടനം പരിശോധിക്കാനാണ് അമിത വേഗത്തിൽ ഓടിച്ചതെന്ന് പ്രതി പൊലീസിനോട് മൊഴി നൽകി. സംഭവത്തിൽ വാഹനം പൊലീസ് പിടിച്ചെടുത്തു.
അമിതവേഗതയും അപകടകരമായ ഡ്രൈവിംഗും പ്രചരിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.






