രാഷ്ട്രീയ ഗോദയിലെ ചാണക്യന്മാർ പലതരം തന്ത്രങ്ങൾ മെനയാറുണ്ട്. എന്നാൽ വിതച്ച വിത്ത് മുളച്ച് സ്വന്തം നെഞ്ചത്തോട്ട് തന്നെ പടർന്നു കയറുന്ന കാഴ്ച കാണണമെങ്കിൽ ഇപ്പോൾ പശ്ചിമ ബംഗാളിലേക്ക് നോക്കണം. മനുഷ്യന് ജീവിക്കാൻ വകുപ്പുണ്ടോ എന്ന് നോക്കുന്നതിനേക്കാൾ, പശുവിന് ‘ആയുരാരോഗ്യ സൗഖ്യം’ ഉണ്ടോ എന്ന് നോക്കുന്ന ഒരു നാട്ടിൽ, പുതിയ ബിജെപി സർക്കാർ അധികാരത്തിലേറിയതോടെയാണ് കന്നുകാലി രാഷ്ട്രീയത്തിന്റെ ട്രാക്ക് മാറിയത്.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്ന പാടെ നടപ്പിലാക്കിയത് 1950-ലെ പശ്ചിമ ബംഗാൾ അനിമൽ സ്ലോട്ടർ കൺട്രോൾ ആക്ട് ആണ്. 14 വയസ്സ് തികയാത്ത ഒരു പശുവിനെയും തൊട്ടുപോകരുത്. പ്രായം തെളിയിക്കാൻ മുനിസിപ്പാലിറ്റി ചെയർമാന്റെയും സർക്കാർ വെറ്ററിനറി സർജന്റെയും ‘ഫിറ്റ്നസ് സർട്ടിഫിക്കറ്റ്’ വേണം. മനുഷ്യന് ഒപ്പിട്ടു കിട്ടാൻ വില്ലേജ് ഓഫീസിൽ ചെരിപ്പുതേയുന്ന നാട്ടിൽ, പശുവിന്റെ പ്രായം അളക്കാൻ നേതാക്കളും ഡോക്ടർമാരും തെരുവ് തോറും നടക്കണമെന്നതാണ് വ്യവസ്ഥ! ലക്ഷ്യം വ്യക്തമായിരുന്നു—അറവ് എങ്ങനെയും അസാധ്യമാക്കുക.
പക്ഷേ, പണി തിരിഞ്ഞുകൊത്തിയ അവസ്ഥയാണ്. ബക്രീദ് കച്ചവടം ലക്ഷ്യമിട്ട് പശുക്കളെയും കൊണ്ട് ചന്തയിലെത്തിയ ഹൈന്ദവ കന്നുകാലി വ്യാപാരികളെ വരവേറ്റത് മുസ്ലിം യുവാക്കളുടെ ‘അതിരറ്റ പശുസ്നേഹം’ ആയിരുന്നു! സംഭവിച്ചിരിക്കുന്നത് ബിജെപി മനസിൽ പോലും കാണാത്ത ഒരു ട്വിസ്റ്റ്. ബക്രീദ് സമയത്ത് വലിയ തോതിൽ കന്നുകാലി വ്യാപാരം നടക്കാറുള്ള പശ്ചിമ ബംഗാളിലെ ഗ്രാമപ്രദേശങ്ങളിൽ ഈ നിയന്ത്രണങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് വ്യാപാരികളുടെ ആരോപണം. ഹിന്ദു പശുവ്യാപാരികളും കർഷകരുമാണ് നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പശുക്കളെ വിൽക്കാനാകാത്ത സാഹചര്യം വന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം തന്നെ അപകടത്തിലായെന്നാണ് ഇവർ പറയുന്നത്.
മുസ്ലിം യുവാക്കൾ പശുക്കളെ സംരക്ഷിക്കണമെന്ന സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയുമാണ്. നിങ്ങളുടെ അമ്മയെ ഞങ്ങൾ കൊല്ലുന്നില്ല എന്നാണത്രേ ഇവർ പറയുന്നത്. ഇതൊരു ട്രെൻഡാക്കി മാറ്റി ഇത്തവണ ബീഫ് കഴിക്കണ്ട എന്ന് തന്നെയാണ് ബംഗാളിലെ മുസ്ലീം വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ഈ ബക്രീദിന് കന്നുകാലികളെ വാങ്ങരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് നിരവധി മുസ്ലിം ഇൻഫ്‌ളുവൻസർമാരും രംഗത്തെത്തിയിട്ടുണ്ട്. കന്നുകാലി ചന്തകളിൽ നിന്ന് ഒരു വരുമാനവുമില്ലാതെ വീട്ടിലേക്ക് മടങ്ങുന്ന ഹിന്ദു കന്നുകാലി വളർത്തുകാരുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഉത്കണ്ഠയോടെയും നിരാശയോടെയുമാണ് പലരും മടങ്ങുന്നത്. മറുവശത്ത് ഹിന്ദു വ്യാപാരികൾ കന്നുകാലി വ്യാപാര നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതുമായ നിരവധി ദൃശ്യങ്ങൾ ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ പശുവധവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടുകൾ പോലും മാറിമറിഞ്ഞതായി സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുയരുന്നു.
‘നിങ്ങളുടെ മാതാവിനെ നിങ്ങളെന്തിനാണ് വധിക്കാനായി കൊണ്ടുവന്നിരിക്കുന്നതെന്നും’ ‘നിങ്ങളെന്തിനാണ് അമ്മയെ മനുഷ്യത്വരഹിതമായി ഇങ്ങനെ കെട്ടിയിടുന്നത്? അവരെ ബഹുമാനത്തോടെ നടത്തി വീട്ടിൽ കൊണ്ടു പോകൂ’ എന്നും പറഞ്ഞുകൊണ്ട് അറവിനായി എത്തിച്ച പശുക്കളെ മടക്കിയയക്കുന്ന വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പ്രതിഷേധങ്ങൾക്കിടയിലും കൊൽക്കത്ത ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് സ്‌റ്റേ അനുവദിക്കാൻ തയ്യാറായില്ല. ബക്രീദ് ആഘോഷത്തിന്റെ ‘അത്യാവശ്യ ഘടകം’ പശുഹത്യയല്ലെന്ന നിരീക്ഷണത്തോടെ കോടതി ഹർജി തള്ളിയിരുന്നു. ഇതോടെ സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ തുടരാനാണ് സാധ്യത.
സർക്കാർ നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഖുർബാനി (മൃഗബലി) നടത്താവൂ എന്ന് മുസ്ലിം മതപണ്ഡിതർ വിശ്വാസികളോട് അഭ്യർഥിച്ചിട്ടുണ്ട്. പശുവിന് പകരം ആടുകളെയും ചെമ്മരിയാടുകളെയും ഉപയോഗിക്കാമെന്ന നിർദേശവും ചിലർ മുന്നോട്ടുവെച്ചു. സമൂഹത്തിൽ അനാവശ്യ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനാണ് ജാഗ്രതയെന്നും മതനേതാക്കൾ വ്യക്തമാക്കി. അതിനിടെ ആടിനെ അമ്മയുടെ സഹോദരിയായി കാണണം എന്നാവശ്യപ്പെട്ട് മറ്റൊരു കൂട്ടർ വന്നതും ശ്രദ്ധേയം. ഇനി കോഴിയെ കൂടി ഇത്തരത്തിൽ എന്തെങ്കിലും ബന്ധു പദവി കൊടുത്ത് രക്ഷിക്കണം എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന പരിഹാസം.
എന്നാൽ യഥാർത്ഥ ട്വിസ്റ്റ് ഇതല്ല, പശുവിനെ രാഷ്ട്രീയ ആയുധമാക്കിയ ബിജെപിയെ അപ്പാടെ ഞെട്ടിച്ചുകൊണ്ട്, പശുവിനെ ഇന്ത്യയുടെ ‘ദേശീയ മൃഗമായി’ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ തന്നെ ഇപ്പോൾ ഡൽഹിക്ക് വണ്ടി കയറാൻ ഒരുങ്ങുകയാണ്! പശു ദേശീയ മൃഗമായാൽ പിന്നെ അതിനെ ചൊല്ലിയുള്ള തല്ലും കൊലപാതകവും രാഷ്ട്രീയ നാടകങ്ങളും എല്ലാം ഒറ്റയടിക്ക് തീരുമല്ലോ എന്നാണ് അവരുടെ ലൈൻ.
വർഷങ്ങളായി ‘പശു’ എന്ന പാവം ജീവിയെ മുൻനിർത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചവർക്ക് കാലം കാത്തുവെച്ച കാവ്യനീതിയാണിതെന്ന് സോഷ്യൽ മീഡിയ പറയുന്നു. മറുപുറത്താകട്ടെ, നിയമത്തിന്റെ വഴിയിലൂടെ തന്നെ ഭരണാധികാരികളെ ശ്വാസം മുട്ടിക്കുന്ന പുതിയ തരം ‘ഗാന്ധിയൻ’ പ്രതിരോധം മുസ്ലിം സംഘടനകൾ പുറത്തെടുക്കുകയും ചെയ്തു. എന്തായാലും ഈ ബക്രീദ് കാലത്ത് ബംഗാളിലെ പശുക്കൾ സുരക്ഷിതരാണ്, പക്ഷേ സുവേന്ദു അധികാരിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തിന്റെ ‘ഫിറ്റ്നസ് സർട്ടിഫിക്കറ്റ്’ ആണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നത്!






