ആലപ്പുഴ: ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ വൻ തോതിൽ രാസലഹരിയും പണവും പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. അൻഷാദ് (36), അർഷാദ് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 150 ഗ്രാം മെത്താഫിറ്റമിനും ലഹരി ഇടപാടിലൂടെ ലഭിച്ചതായി കരുതുന്ന 4.64 ലക്ഷം രൂപയും പിടിച്ചെടുത്തു.
വിപണിയിൽ ഒരു ഗ്രാം മെത്താഫിറ്റമിന് ഏകദേശം 3,000 രൂപവരെ വില വരും. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളുള്ള ഡയറി, മഴു, എസ്-ആകൃതിയിലുള്ള കത്തി എന്നിവയും പരിശോധനയിൽ കണ്ടെത്തി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയ്ക്കു സമീപമുള്ള വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പരിശോധനയ്ക്ക് നേതൃത്വം നൽകിയത് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ സെബാസ്റ്റ്യൻ ആയിരുന്നു.
പരിശോധനയ്ക്കിടെ പ്രതിയായ അൻഷാദ് എക്സൈസ് ഇൻസ്പെക്ടർ സി പി ദിലീപിനെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് പരിക്കേറ്റു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴടക്കിയത്. പ്രതി അൻഷാദ് നിരവധി ക്രിമിനൽ കേസുകളിലും മുൻപ് ലഹരിക്കേസുകളിലും ഉൾപ്പെട്ടയാളാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.






