കൊച്ചി: ‘അമ്മ’ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര വിവാദങ്ങൾ തുടരുന്നതിനിടെ മുതിർന്ന താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ പരസ്യമായി അഭിപ്രായം പറയാൻ പല പ്രമുഖ താരങ്ങളും തയ്യാറല്ല.
അതേസമയം, മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാൻ തയ്യാറാണെന്ന് ശ്വേതാ മേനോൻ അറിയിച്ചു. സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുള്ളിൽ ചിലർ തന്നെ ലക്ഷ്യംവെക്കുകയാണെന്നും കാര്യങ്ങൾ ജനറൽ സെക്രട്ടറിയും ട്രഷററും ചേർന്നാണ് നിയന്ത്രിക്കുന്നതെന്നും അവർ ആരോപിച്ചു. അൻസിബയുമായി ബന്ധപ്പെട്ട പ്രശ്നം വ്യക്തിപരമായ വിഷയമാണെന്നും അതിൽ സംഘടനയ്ക്ക് ഇടപെടാൻ സാധിക്കില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു. ജനറൽ ബോഡി യോഗത്തിൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ തുറന്നുപറയുമെന്നും അവർ വ്യക്തമാക്കി.
ഇതിനിടെ, ‘അമ്മ’യുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് കരാറിന്റെ വിവരങ്ങളും പുറത്തുവന്നു. ഫെബ്രുവരി 14-ന് നടന്ന കുടുംബസംഗമത്തിന്റെ പ്രധാന സ്പോൺസറായി വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രം ചെയർമാൻ ടി.ജി. നന്ദകുമാറിന്റെ നേതൃത്വത്തിലാണ് 75 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് വാഗ്ദാനം ചെയ്തത്.
കരാർ പ്രകാരം 30 ലക്ഷം രൂപ മുൻകൂറായി സംഘടനയ്ക്ക് നൽകിയിരുന്നു. ബാക്കി 45 ലക്ഷം രൂപ പിന്നീട് നൽകാനാണ് ധാരണ. എന്നാൽ പരിപാടിയിൽ ക്ഷേത്രത്തിന്റെ പരസ്യം ആവശ്യത്തിന് പ്രദർശിപ്പിച്ചില്ലെന്ന പരാതിയും ക്ഷേത്രഭാരവാഹികൾ ഉന്നയിച്ചു. സംഘടനയ്ക്ക് നൽകാനുള്ള ബാക്കി തുക ഈ മാസം 31-ന് നൽകുമെന്ന് ടി.ജി. നന്ദകുമാർ അറിയിച്ചു.






