തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിൽ എം. ആർ. അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തും. മർദ്ദന കേസ് അന്വേഷിച്ചിരുന്ന ആലപ്പുഴയിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും എഡിജിപി ഓഫീസിലെ ജീവനക്കാരുടെയും മൊഴികളാണ് ഇനി ശേഖരിക്കുക.
നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിഷേധക്കാരെ പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലുള്ളവർ മർദിച്ചതായി ആദ്യം കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ.
ലോക്കൽ പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ചുനിർത്തുന്നതിനിടെ, വാഹനവ്യൂഹത്തിലെ കറുത്ത കാറിൽ നിന്ന് ചിലർ ഇറങ്ങി പ്രതിഷേധക്കാരെ ആക്രമിച്ചതായാണ് ആദ്യം തയ്യാറാക്കിയ ഡയറിയിൽ പറഞ്ഞിരുന്നത്. ലാത്തിപോലുള്ള ആയുധം ഉപയോഗിച്ച് മർദിച്ചുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. അരുണാണ് ആദ്യ കേസ് ഡയറി തയ്യാറാക്കിയത്. പിന്നീട് ഈ ഡയറി തിരുത്തി ഗൺമാൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
തിരുത്തുന്നതിന് മുൻപുള്ള കേസ് ഡയറി പെൻഡ്രൈവിൽ സൂക്ഷിച്ച് എഡിജിപി അജിത് കുമാറിന്റെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം നൽകിയ മൊഴി. ഇതോടെയാണ് അന്വേഷണം കൂടുതൽ ഗൗരവതരമായത്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച ആയുധവും കണ്ടെത്താനും കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കാനും എസ്ഐടി ശ്രമം തുടരുകയാണ്. അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസുകാർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനിടയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.






