ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാഫലത്തിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്ത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. “ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഞെട്ടിച്ച വിഷയത്തിൽ പ്രധാനമന്ത്രി മിണ്ടുന്നില്ല. പതിവുപോലെ മറുപടിയോ ഉത്തരവാദിത്വമോ ഇല്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.
സിബിഎസ്ഇ കരാർ ലഭിച്ച COEMPT എന്ന കമ്പനിക്കെതിരെയും രാഹുൽ ഗാന്ധി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. 2019ൽ തെലങ്കാനയിൽ വിവാദത്തിലായ ഗ്ലോബെറേന എന്ന കമ്പനിയാണ് പേരുമാറ്റി പുതിയ കരാർ നേടിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. “പേര് മാറിയെങ്കിലും അവരുടെ പ്രവർത്തനരീതി മാറിയിട്ടില്ല. മോശം ചരിത്രമുള്ള കമ്പനിക്കാണ് 1.85 ദശലക്ഷം കുട്ടികളുടെ ഭാവി ഏൽപ്പിച്ചത്” എന്നും രാഹുൽ വിമർശിച്ചു.
COEMPT കമ്പനിക്ക് കരാർ നൽകാൻ ആരാണ് നിർദേശം നൽകിയതെന്നും, ഇതിനായി എന്തെല്ലാം ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു. മുൻപ് വിവാദങ്ങളിൽപ്പെട്ട കമ്പനിയാണെന്ന് അറിഞ്ഞിട്ടും സി.ബി.എസ്.ഇ. പശ്ചാത്തല പരിശോധന നടത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദ്യം ഉയർത്തി. കമ്പനി മാനേജ്മെന്റിന് മോദി സർക്കാരുമായി ബന്ധമുണ്ടോയെന്നും രാഹുൽ ഗാന്ധി സംശയം പ്രകടിപ്പിച്ചു. വിഷയത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






