കണ്ണൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പ്രതികരിച്ചു. കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ നടത്തിയ പരിശോധനകൾ കൊണ്ട് തങ്ങളെ തളർത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഇത് ഒരു തുടക്കം മാത്രമാണ്. ഇതുകൊണ്ട് ഞങ്ങൾ അവസാനിക്കില്ലെന്നും പാർട്ടിയുടെ പിന്തുണയാണ് തങ്ങളുടെ കരുത്തെന്നും പിണറായി വിജയൻ പ്രവർത്തകരെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുൻപ് “എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല” എന്ന് ചോദിച്ചതായും, ഇപ്പോഴത്തെ നടപടി ചിലർക്കെങ്കിലും മനസന്തൃപ്തി നൽകുമെന്നുമാണ് അദ്ദേഹം വിമർശിച്ചത്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, എട്ട് മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്ക് ശേഷം ഇഡി ഉദ്യോഗസ്ഥർ മടങ്ങി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
റെയ്ഡിന് പിന്നാലെ സിപിഎം പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ചില ഇടങ്ങളിൽ സംഘർഷാവസ്ഥയും ഉണ്ടായി. മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതായും, കല്ലേറും ചെരുപ്പേറും ഉണ്ടായതായും റിപ്പോർട്ടുണ്ട്.






