തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർണായക രേഖകൾ പിടിച്ചെടുത്തതായി അറിയിച്ചു. പുറത്തിറക്കിയ പത്രക്കുറിപ്പിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലും എക്സാലോജിക് സൊല്യൂഷൻസ് ഓഫീസുകളിലും നടത്തിയ പരിശോധനയിൽ വിവിധ നിക്ഷേപ വിവരങ്ങളും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി വ്യക്തമാക്കി. രേഖകൾ വിശദമായി പരിശോധിച്ചുവരികയാണെന്നും ഇഡി അറിയിച്ചു.
വീണ സിഎംആർഎൽ മാനേജ്‌മെന്റും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഇഡി വ്യക്തമാക്കി.
കേരളത്തിലും കർണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, ബെംഗളൂരു എന്നിവിടങ്ങളിലെ എക്സാലോജിക്, സിഎംആർഎൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.
ഇതിനുമുമ്പ് നടന്ന അന്വേഷണത്തിൽ, ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ എക്സാലോജിക് സിഎംആർഎല്ലിൽ നിന്ന് കോടികൾ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. കൂടാതെ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുമായി ബന്ധപ്പെട്ട കമ്പനിയിൽ നിന്ന് വായ്പയും ലഭിച്ചതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.






