തിരുവനന്തപുരം: സിപിഐഎം പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പിൽ തമ്പടിച്ച് കേരളാ പൊലീസ്. സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമ സംഭവമാണ് ഇപ്പോൾ സംഘർഷത്തിലെത്തി നിൽക്കുന്നത്.
ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം സിപിഐ എം പ്രവർത്തകർ അടിച്ചു തകർത്തുവെന്നും പ്രതികളെ അറസ്റ്റ് ചെയ്യാതെ മടങ്ങില്ലെന്നുമാണ് പൊലീസ് നിലപാട്. അതേസമയം, കമ്മിറ്റി ഓഫീസിൽ പൊലീസിനെ കയറ്റുകയില്ലെന്ന നിലപാടിൽ ആണ് സിപിഐ എം നേതൃത്വം. സിപിഐ എം പാളയം ഏരിയ കമ്മിറ്റി ഓഫീസിലേയ്ക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ കമ്മിറ്റി ഓഫീസിലേയ്ക്ക് എത്തി.
കമ്മിറ്റി ഓഫീസിലേയ്ക്ക് സിപിഐ എം പ്രവർത്തകർ ഒഴുകിയെത്തുകയാണ്. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നു. അതേസമയം, പൊലീസിനെ പാർടി ഓഫീസിൽ കയറ്റില്ലെന്ന് വി ശിവൻകുട്ടിയും വി കെ പ്രശാന്ത് എംഎൽഎയും വ്യക്തമാക്കി. ഇവിടെ പ്രതികൾ ഇല്ലെന്നും പാർടി നേതാക്കളുമാണ് ഉള്ളതെന്ന് വി കെ പ്രശാന്ത് പറഞ്ഞു.
എതിർപ്പുകളെ മറികടന്ന് പാർടി ഓഫീസിലേയ്ക്ക് കയറുമെന്ന ധാർഷ്ഠ്യം കേരളാ പൊലീസിന് വേണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ രണ്ട് മണിക്കൂറോളം പിന്നിട്ടിരിക്കുകയാണ്.






