ചണ്ഡീഗഡ്: പഞ്ചാബിൽ യുവതിയുടെ മൃതദേഹം ഡ്രമ്മിനുള്ളിലാക്കി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 15നും 20നും ഇടയിൽ പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പട്യാലയിലെ അർബൻ എസ്റ്റേറ്റ് മേഖലയിലാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ച യുവതിയുടെ ഒരു കൈയിൽ “നേഹ” എന്ന് ടാറ്റൂ ചെയ്തിട്ടുണ്ട്. മറുകൈയിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള ടാറ്റൂവും കണ്ടെത്തിയിട്ടുണ്ട്. ഈ അടയാളങ്ങൾ ഉപയോഗിച്ച് യുവതിയെ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സംഭവസ്ഥലത്തെത്തിയ ഫോറൻസിക് സംഘം ഡ്രമ്മും പരിസര പ്രദേശവും പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. പ്രദേശം പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും തിരിച്ചറിയലിനുമായി സർക്കാർ രജീന്ദ്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
യുവതിയെ തിരിച്ചറിയുന്നതിനും ഡ്രം ഉപേക്ഷിച്ചതാരാണെന്ന് കണ്ടെത്തുന്നതിനുമായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.






