ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിൽ നവവധു വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് പെൺകുട്ടിക്ക് വെറും 13 വയസ്സ് മാത്രമാണുണ്ടായിരുന്നതെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു പെൺകുട്ടിയുടെ വിവാഹം നടന്നത്. പതിനെട്ടുകാരനായ റസിയ എന്ന യുവാവിനെയാണ് വിവാഹം കഴിപ്പിച്ചത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസുണ്ടെന്നാണ് മുത്തശ്ശൻ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ മരണശേഷം ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് യഥാർത്ഥ പ്രായം 13 ആണെന്ന് വ്യക്തമായത്.
ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെയാണ് പെൺകുട്ടി വിഷം കഴിച്ചത്. തുടർന്ന് അമ്മയുടെ അടുത്തെത്തി വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ ബന്ധുക്കൾ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ത്സാൻസി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മരണകാരണം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം എന്നിവ സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളുവെന്ന് പൊലീസ് അറിയിച്ചു.






