പാറ്റ്ന: ഗംഗാ നദിയിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബിഹാറിലെ പാറ്റ്ന ജില്ലയിൽ ഉമാനാഥ് ഗംഗാ ഘട്ടിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. നിരവധി പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ആശങ്ക.
ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ബോട്ടിൽ ഏകദേശം 14 മുതൽ 15 പേർ വരെ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സമീപവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. അപകടത്തിൽപ്പെട്ട ചിലരെ മറ്റൊരു ബോട്ടിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി.
“ബോട്ടിൽ ഏകദേശം 14 മുതൽ 15 പേരുണ്ടായിരുന്നു. ഏഴ് പേരെ കാണാതായതായി സംശയിക്കുന്നു. മറ്റുള്ളവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ എത്ര പേർ മരിച്ചതെന്ന് കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല,” എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ശക്തമായ കാറ്റിൽ ബോട്ട് മറിഞ്ഞുവെന്ന വിവരമാണ് ലഭിച്ചതെന്ന് ബാർഹ് എസ്.ഡി.പി.ഒ രാമകൃഷ്ണ വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്ന 14 പേരിൽ ഏഴ് പേർ സുരക്ഷിതരാണെന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായും അഞ്ച് പേരെ കാണാതായതായും അദ്ദേഹം പറഞ്ഞു. എസ്.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.






