കൊച്ചി: നിക്ഷേപകരുടെ വിവിധ സാമ്പത്തിക വിവരങ്ങള്‍ സുരക്ഷിതമായി ട്രാക്ക് ചെയ്യുന്നതിനായി യുടിഐ മ്യൂച്വല്‍ ഫണ്ട് വെല്‍ത്ത് 360 എന്ന പുതിയ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചു. യുടിഐ മ്യൂച്വല്‍ ഫണ്ടിന്‍റെ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുള്ള ഈ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സമ്പാദ്യ വിവരങ്ങളെല്ലാം ഏകീകൃത ഡാഷ്ബോര്‍ഡില്‍ കാണാന്‍ സാധിക്കും. വിവിധ ഇടങ്ങളിലായുള്ള നിക്ഷേപങ്ങളെ ട്രാക്ക് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യം.
സേവിങ്സ് അക്കൗണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, റെക്കറിങ് ഡിപ്പോസിറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, ഇടിഎഫുകള്‍, എന്‍പിഎസ് തുടങ്ങിയവയുടെ വിവരങ്ങളെല്ലാം വെല്‍ത്ത് 360ല്‍ ട്രാക്ക് ചെയ്യാം.
റിസര്‍വ് ബാങ്കിന് കീഴിലുള്ള അക്കൗണ്ട് അഗ്രിഗേറ്റര്‍ ചട്ടക്കൂടിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമായതിനാല്‍ സുരക്ഷിതവും ഉപഭോക്താവിന്‍റെ സമ്മതത്തോടെയുമുള്ള ഡാറ്റാ കൈമാറ്റമാണ് ഇതില്‍ നടക്കുന്നത്.
നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും യാതൊരു ഫീസും നല്‍കാതെ ഈ സേവനം തികച്ചും സൗജന്യമായി ഉപയോഗിക്കാം. പാന്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ലളിതമായ രജിസ്ട്രേഷനിലൂടെയോ നിലവിലെ യുടിഐ ലോഗിന്‍ വഴിയോ ഈ സേവനം പ്രയോജനപ്പെടുത്താം. ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ കൃത്യമായി കാണിക്കുന്നതിനായി എല്ലാ ദിവസവും ഡാഷ്ബോര്‍ഡ് അപ്ഡേറ്റ് ചെയ്യും.
സഹമതിയുടെ നേതൃത്വത്തിലുള്ള അക്കൗണ്ട് അഗ്രിഗേറ്റര്‍ ഇക്കോസിസ്റ്റത്തിലൂടെ ഫിനാര്‍കെയ്നുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഡാറ്റയ്ക്ക് മേല്‍ പൂര്‍ണ്ണ നിയന്ത്രണം ഉണ്ടായിരിക്കും. സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഉപഭോക്താവിന്‍റെ സമ്മതത്തിന് ഒരു വര്‍ഷത്തേക്കാണ് സാധുതയുള്ളത്. കൂടാതെ ഏത് സമയത്തും ഇത് പിന്‍വലിക്കാനും സാധിക്കും. തികച്ചും എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഈ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. യുടിഐ മ്യൂച്വല്‍ ഫണ്ടിന് ഇത് ലഭ്യമാകില്ല.
നിക്ഷേപകര്‍ ഇന്ന് ഒരൊറ്റ സാമ്പത്തിക പദ്ധതിയിലോ ബാങ്ക് അക്കൗണ്ടിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. സാമ്പത്തിക കാര്യങ്ങള്‍ വൈവിധ്യവല്‍ക്കരിക്കപ്പെടുന്ന ഇന്നത്തെ കാലത്ത് ഒരാളുടെ സമ്പൂര്‍ണ്ണ സാമ്പത്തിക വിവരങ്ങള്‍ ഒറ്റ പ്ലാറ്റ്ഫോമില്‍ ലളിതമായി ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം നിറവേറ്റാനാണ് വെല്‍ത്ത് 360 രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് യുടിഐ എഎംസി ഗ്രൂപ്പ് പ്രസിഡന്‍റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ വിനയ് ലഖോത്തിയ പറഞ്ഞു. സ്വകാര്യതയും വിശ്വാസ്യതയും നഷ്ടപ്പെടുത്താതെ സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ സുതാര്യവും എളുപ്പവുമാക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






