Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകളെന്ന് ഡിജിപി റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങളിൽ ഗുരുതര വീഴ്ചകളുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണമായ ‘വൈരനാമം’ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ട് ആറുമാസമായിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും, പലതട്ടുകളുള്ള സ്വർണവിളക്ക് മാറ്റി പകരം വെള്ളിവിളക്ക് സ്ഥാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ നടപടികൾ സംബന്ധിച്ച രേഖകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഗണപതി വി. അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടുകാൽ ഷൈജു, പദ്മേഷ് പരശുരാമൻ, വിമാനക്കമ്പനി ജീവനക്കാരനായ അശോക് എന്നിവർ സുരക്ഷാ പരിശോധനകളില്ലാതെ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നുവെന്നും ഇവർ കവടിയാർ കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരും രാജകുടുംബാംഗമായ ആദിത്യ വർമ്മയുടെ അടുത്തവരാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ട്രഷറർ ഓഫീസിലും വാഹന ഷെഡുകളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടിയന്തരമായി സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്ന് ഡിജിപി ശുപാർശ ചെയ്തു. ഭക്തർ സമർപ്പിക്കുന്ന കാണിക്കയുടെ അളവും തൂക്കവും എണ്ണവും രേഖപ്പെടുത്തി സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

ക്ഷേത്രത്തിൽ പ്രവേശിക്കുന്ന എല്ലാവരെയും സ്ഥാനമാനഭേദമന്യേ കർശന പരിശോധനയ്ക്ക് വിധേയരാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ക്ഷേത്രത്തിലെ ചില സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീകോവിലിൽ സ്വർണം പതിപ്പിക്കാനായി കൊണ്ടുപോയ 13 ഗ്രാം സ്വർണക്കമ്പി കാണാതായ സംഭവത്തിൽ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ല. ശ്രീകോവിലിലേക്കുള്ള പ്രവേശന കവാടങ്ങളിലെ ചില ക്യാമറകളും പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തൽ.

ക്ഷേത്രദർശന ടിക്കറ്റിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കുന്ന സംഘവും സജീവമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 100 രൂപയുടെയും 500 രൂപയുടെയും വ്യാജ ടിക്കറ്റുകൾ അച്ചടിച്ച് ഭക്തരിൽ നിന്ന് പണം തട്ടുന്നതായാണ് കണ്ടെത്തൽ. ക്ഷേത്രം നിയോഗിച്ച ആളാണെന്ന് നടിച്ച് തട്ടിപ്പുകാർ ഭക്തരോടൊപ്പം ക്ഷേത്രത്തിനുള്ളിൽ കടന്ന് പിന്നീട് മുങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു. കിഴക്കേനട കേന്ദ്രീകരിച്ചാണ് തട്ടിപ്പ് കൂടുതലായി നടക്കുന്നതെന്നും അവിടെയുള്ള പൊലീസ് എയ്ഡ് പോസ്റ്റ് നിർജീവമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, പൊലീസ് റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും ക്ഷേത്രത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പ്രതികരിച്ചു. ക്ഷേത്രം 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലാണെന്നും, സുരക്ഷാ വിഭാഗത്തെ അറിയിച്ച ശേഷമാണ് വിലപിടിപ്പുള്ള വസ്തുക്കൾ മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും പരിശോധനയ്ക്ക് ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നതെന്നും, മോഷണമോ ദുരുപയോഗമോ നടന്നിട്ടില്ലെന്നും എക്സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി.

Advertisement
WhiteswanTV Footer