പൊതുപരിപാടികളിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ മുസ്ലീം ലീഗിൽ നിലനിൽക്കുന്ന ആഭ്യന്തര ചർച്ചകളും അഭിപ്രായ ഭിന്നതകളുമെല്ലാം വളരെ മുമ്പ് തന്നെ ചർച്ചയായതാണ്. ഇതൊരു അനിവാര്യമായ മതാനുഷ്ഠാനമല്ലെന്നും, ഇത് ഹൈന്ദവ ആചാരങ്ങളുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിച്ച് ലീഗിലെ ചില നേതാക്കൾ മുൻകാലങ്ങളിൽ നിലവിളക്ക് കൊളുത്തുന്നതിൽ നിന്ന് വിട്ടുനിന്നിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഈ വിഷയം ചെറിയ രീതിയിലെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
കഴിഞ്ഞ ദിവസം പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹിലിയ ഒരു പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഇപ്പോഴിതാ തഹിലിയയുടെ നടപടിയെ പ്രശംസിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രംഗത്ത് വന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്. തഹിലിയയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ വിവാദം കൊഴുക്കുന്നതിനിടെയാണ് ശശികല പിന്തുണയുമായി രംഗത്തെത്തിയത്.
പേരാമ്പ്രയിലെ ഒരു ഹോട്ടൽ ഉദ്ഘാടന ചടങ്ങിലാണ് കഴിഞ്ഞ ദിവസം ഫാത്തിമ തഹിലിയ നിലവിളക്ക് കൊളുത്തിയത്. ‘നാടിന്റെ പാരമ്പര്യം പിന്തുടർന്ന എംഎൽഎക്ക് അഭിനന്ദനങ്ങൾ’ എന്നാണ് ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ പങ്കുവെച്ച് ശശികല കുറിച്ചത്.
കേരള രാഷ്ട്രീയത്തിലും സാമൂഹിക മണ്ഡലങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ നിലവിളക്ക് കൊളുത്തലുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഔദ്യോഗിക ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും പലപ്പോഴായി ഉയർന്നുവന്നിട്ടുണ്ട്.
മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പൊതുവേദികളിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചതാണ് ഈ വിഷയം വലിയ ചർച്ചയാക്കിയത്. ലീഗിലെ ചില മുതിർന്ന നേതാക്കൾ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പരസ്യമായി രംഗത്തെത്തിയത് അക്കാലത്ത് ലീഗിനുള്ളിൽ വലിയ കോളിളക്കം സൃഷ്ടിച്ച വിഷയവുമാണ്. കെ.എം. ഷാജി, എം.കെ. മുനീർ തുടങ്ങിയവർ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്ന നിലപാട് എടുത്തപ്പോൾ, മതവിശ്വാസത്തിന്റെ പേരിൽ ഇതിൽ നിന്നും വിട്ടുനിൽക്കുന്നവരും ലീഗിലുണ്ട്. ധിക്കാരിയെന്നാണ് അന്ന് സമസ്ത മുനീറിനെ വിശേഷിപ്പിച്ചത്.
നിലവിളക്ക് ഇസ്ലാമിക വിരുദ്ധമാണെന്ന കർക്കശ നിലപാടുമായി ലീഗ് സഹയാത്രികരായ സമസ്ത രംഗത്ത് വരുകയും ചെയ്തു. നിലവിളക്ക് കൊളുത്തില്ല എന്നതാണ് പാർട്ടിയുടെ നിലപാടെന്ന് അന്നത്തെ ദേശിയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. ലീഗുകാരുടെ രോമാഞ്ചമായ സിഎച്ച് മുഹമ്മദ് കോയ ഉൾപ്പെടെ മുൻകാല പാർട്ടി നേതാക്കളാരും നിലവിളക്ക് കൊളുത്തിയിരുന്നില്ല.
മതപരമായ ആചാരങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുത് എന്നാണ് ലീഗ് നേതൃത്വത്തിന്റെ പൊതുവെയുള്ള നിലപാട്. എന്നാൽ, എതിരാളികൾ ഇത് രാഷ്ട്രീയമായും സാംസ്കാരികമായും വലിയ ചർച്ചയാക്കാറുമുണ്ട്. നിലവിളക്ക് കൊളുത്തൽ ദീപാരാധനയുടെ ഭാഗമാണെന്നും അതിനാൽ കലർപ്പില്ലാത്ത ഏക ദൈവ സങ്കൽപം പിന്തുടരുന്ന മുസ്‌ലിംകൾക്ക് അതിൻ്റെ ഭാഗമാകാൻ കഴിയില്ലെന്നുമാണ് പ്രബലമായ ഒരു പക്ഷത്തിൻ്റെ നിലപാട്. തഹിലിയയുടെ നടപടിയെ പരോക്ഷമായി വിമർശിച്ച് എസ്.വൈ എസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത് വന്നിട്ടുണ്ട്.
‘നേതൃനിരയിലുള്ളവർ മതത്തിൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്നു. തിരുത്തേണ്ടവർ നിശ്ശബ്ദരായി തെറ്റുകളെശരിവെക്കുന്നു. തെറ്റുകൾ ശരിയായി കാണുന്നകാലം വരുമെന്ന് തിരുനബി (സ) പ്രസ്താവിച്ചത് എത്ര ശരി!’ എന്നാണ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ് ബുക്കിൽ കുറിച്ചത്.
ഔദ്യോഗിക ചടങ്ങുകളുടെ അനിവാര്യ ഭാഗമെന്നോണം നിലവിളക്കിനെ അടിച്ചേൽപിക്കുന്ന നടപടിയെ ഇടതുപക്ഷ ചിന്തകരും വിമർശിച്ചിട്ടുണ്ട്. ഹിന്ദുത്വത്തിൻ്റെ സാംസ്കാരിക ദേശീയതയുടെ ഭാഗമാണ് അതെന്നാണ് അവരുടെ വിമർശനം. എന്തായാലും മുൻ വർഷങ്ങളിലെ നിലവിളക്ക് വിവാദങ്ങളുടെയത്ര കോളിളക്കം തഹ്ലിയയുടെ നിലവിളക്ക് കൊളുത്തലിന് വന്നിരുന്നില്ല, ശശികല അഭിനന്ദിച്ച് പോസ്റ്റ് ഇടും വരെ. തീവ്ര ഹിന്ദുത്വ പരാമർശങ്ങളുടെ പേരിൽ കുപ്രസിദ്ധിയുള്ള ശശികലയുടേത് കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നതും കുത്തിത്തിരിപ്പുണ്ടാക്കുന്നതുമായ സമീപനമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
മുസ്‌ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎ എന്ന ചരിത്ര നേട്ടവുമായാണ് അഡ‍്വ. ഫാത്തിമ തഹ്‍ലിയ പേരാമ്പ്രയിൽ നിന്നു ജയിച്ചു കയറി നിയമസഭയിൽ എത്തുന്നത്. മുൻ മന്ത്രിയും സിറ്റിങ് എംഎഎൽഎയും മുതിർന്ന സിപിഎം നേതാവുമായ ടിപി രാമകൃഷ്ണനെ 5087 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫാത്തിമ തഹ്‍ലിയ അട്ടിമറിച്ചത്.
കേരളീയ പൊതുമണ്ഡലത്തിൽ കാലാകാലങ്ങളായി ഉയർന്നുവരുന്ന നിലവിളക്ക് വിവാദം കേവലമൊരു ആചാരസംബന്ധിയായ തർക്കമല്ല, മറിച്ച് അത് മതപരമായ വ്യക്തിത്വവും രാഷ്ട്രീയമായ മതേതരത്വവും തമ്മിലുള്ള സങ്കീർണ്ണമായ പൊരുത്തപ്പെടലുകളുടെ പ്രതിഫലനമാണ്. മുസ്‌ലിം ലീഗിന്റെ ആദ്യ വനിതാ എം.എൽ.എ എന്ന ചരിത്രനേട്ടം കൈവരിച്ച അഡ്വ. ഫാത്തിമ തഹ്ലിയ പേരാമ്പ്രയിലെ പൊതുവേദിയിൽ നിലവിളക്ക് കൊളുത്തിയതും, അതിനെത്തുടർന്നുണ്ടായ അനുകൂല-പ്രതികൂല പ്രതികരണങ്ങളും ഈ യാഥാർത്ഥ്യത്തിലേക്ക് വീണ്ടും വിരൽ ചൂണ്ടുന്നു.
മുൻകാലങ്ങളിൽ എം.കെ. മുനീർ, കെ.എം. ഷാജി തുടങ്ങിയ നേതാക്കളുടെ നിലപാടുകളെ ‘ധിക്കാരമായി’ കണ്ട് കടുത്ത വിമർശനമുന്നയിച്ച സമസ്ത പോലുള്ള മതസംഘടനകൾ, തഹ്ലിയയുടെ നടപടിക്കെതിരെയും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിലൂടെ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയിട്ടുണ്ട്. ഇത് ലീഗ് നേതൃത്വവും അതിന്റെ മതപരമായ വോട്ട് ബാങ്കും തമ്മിലുള്ള ആഭ്യന്തരമായ ആശയസംഘട്ടനം ഇപ്പോഴും സജീവമാണെന്ന് കാണിക്കുന്നു.
ശശികലയുടേത് സാംസ്കാരികമായ പാരമ്പര്യത്തെ ഉയർത്തിപ്പിടിച്ച പ്രശംസ എന്നതിലുപരി, ലീഗിനുള്ളിലെയും മുസ്ലീം സമുദായത്തിനുള്ളിലെയും ആഭ്യന്തര ഭിന്നതകളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ഒരു തന്ത്രമായാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. ഒരു ജനപ്രതിനിധി, അതും ജെൻ സീയുടെ പ്രതിനിധി എന്ന നിലയിൽ സർവ്വസ്വീകാര്യത നിലനിർത്താൻ തഹ്ലിയ നടത്തിയ ശ്രമം വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ സ്വാഗതം ചെയ്യപ്പെടുന്നുമുണ്ട്.






