ചെന്നൈ: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്ര പൂജാരിയെ സസ്പെൻഡ് ചെയ്തു. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ പൂജാരിയായ അയ്യപ്പൻ അയ്യർ ആണ് നടപടി നേരിട്ടത്. ക്ഷേത്ര ദർശനത്തിനായി പ്രത്യേക ക്രമീകരണം ഒരുക്കുന്നതിന് മന്ത്രി എസ്. രമേശിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പണം കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
മാസ്ക് ധരിച്ചിരുന്നതിനാൽ ആദ്യം മന്ത്രി ആണെന്ന് പൂജാരിക്ക് അറിയില്ലായിരുന്നു. പിന്നീട് മറ്റുള്ളവർ തിരിച്ചറിഞ്ഞതോടെ പൂജാരി മാപ്പ് എഴുതി നൽകി. പിന്നാലെ മന്ത്രിയും കൈക്കൂലി അനുവദിക്കില്ലെന്ന് താക്കീത് നൽകി. എന്നാൽ മന്ത്രിക്ക് മാപ്പ് നൽകിയെന്ന വിവരം പുറത്തുവന്നതോടെ വിവാദം ഉയർന്നു. പൂജാരിമാർക്കെതിരെ ശിക്ഷ ഇല്ലെന്ന ഡിഎംകെ വിമർശനവും ഉണ്ടായി തുടർന്ന് വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. മാപ്പ് അല്ല, വിശദീകരണം മാത്രമാണ് എഴുതി വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
വിവാദത്തിന് പിന്നാലെ ക്ഷേത്ര ജോയിന്റ് കമ്മീഷണർ പൂജാരിയെ പൂജകളിൽ നിന്ന് മാറ്റിനിർത്താൻ ഉത്തരവിട്ടു. കൈക്കൂലി വാങ്ങാൻ ഒത്താശ ചെയ്ത രണ്ട് സുരക്ഷാ ജീവനക്കാരെയും സസ്പെൻഡ് ചെയ്തു. തലമുണ്ഡനം ചെയ്യാൻ പണം വാങ്ങിയ രണ്ട് പേരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.






