കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ സുഹൃത്തിന്റെ ആഡംബര ഫ്ലാറ്റിൽ കവർച്ച നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവതി ഒമ്പതാം നിലയിൽ നിന്ന് വീണ് മരിച്ചു. കെട്ടിടത്തിന്റെ വെന്റിലേഷൻ ഷാഫ്റ്റിനുള്ളിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
39കാരിയായ ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ചത്. സൗന്ദര്യവർദ്ധക മേഖലയിൽ ജോലി ചെയ്തിരുന്ന യുവതി, ഫ്ലാറ്റുടമ പുറത്തായിരുന്ന സമയം മുൻകൂട്ടി മനസിലാക്കി കവർച്ച നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് ദശലക്ഷക്കണക്കിന് ഈജിപ്ഷ്യൻ പൗണ്ട് വിലമതിക്കുന്ന സ്വർണാഭരണങ്ങൾ, വിദേശ കറൻസികൾ, വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അടങ്ങിയ ബാഗും പൊലീസ് കണ്ടെത്തി.
അമേരിക്കൻ പൗരത്വമുള്ള യമനി വംശജയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഭവം നടന്നത്. ഫ്ലാറ്റിലെ ജനൽ വഴി പുറത്തുകടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീണതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ഈജിപ്ത് പൊലീസ് അറിയിച്ചു.






