തിരുവനന്തപുരം: ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് വർക്കലയിൽ എത്തിച്ച പോത്ത് വിരണ്ടോടി കടലിൽ ചാടി. മേൽവെട്ടൂർ ഭാഗത്ത് ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.
കായിക്കര ഭാഗത്ത് കൊണ്ടുവന്ന പോത്ത് അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് ഓടുകയായിരുന്നു. ഈ സമയത്ത് വഴിയിലുണ്ടായിരുന്ന രണ്ട് പേർക്ക് നേരെ ആക്രമണം ഉണ്ടായതായും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും വിവരം.
തുടർന്ന് പോത്ത് കടൽത്തീരത്തെത്തി കടലിലേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ തിരമാലയിൽപ്പെട്ട് മുങ്ങിത്തുടങ്ങിയതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
ഫയർഫോഴ്സ് സംഘം കടലിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും പോത്തിനെ കണ്ടെത്താനായിട്ടില്ല. ശക്തമായ അടിയൊഴുക്കും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായതായി അധികൃതർ അറിയിച്ചു.






