തിരുവനന്തപുരം: ഇഡി റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി വി.ഡി. സതീശൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. “ഞാൻ ഒളിച്ചോടുന്ന ആളല്ല. മറുപടി എപ്പോൾ പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും എനിക്ക് തരണമെന്ന്” മുഖ്യമന്ത്രി പറഞ്ഞു. റെയ്ഡിനിടെ മാധ്യമപ്രവർത്തകർ മൈക്ക് മുഖത്ത് കൊണ്ടടിച്ചതായും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ഏജൻസിയായ ഇഡി രജിസ്റ്റർ ചെയ്ത കേസാണിതെന്നും സംസ്ഥാന സർക്കാരിന് ഇതിൽ ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെയ്ഡ് സംബന്ധിച്ച് പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ക്രമസമാധാന ലംഘനമാണെന്നും അത് ഒരിക്കലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ പൊലീസിന്റെ ഇടപെടൽ ശരിയായിരുന്നുവെന്നും ആഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയെ കണ്ടതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. “ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോൾ പിണറായിയുടെ വീട് റെയ്ഡ് ചെയ്യണം എന്ന് പറയുമോ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാല് വർഷം പഴക്കമുള്ള കേസിലാണ് ഇപ്പോൾ നടപടി നടക്കുന്നതെന്നും, അന്ന് തന്നെ യുഡിഎഫ് വിഷയത്തിൽ പരാതി ഉന്നയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതമായ അന്വേഷണമായതിനാലാണ് രാഹുൽ ഗാന്ധിയെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.






