ന്യൂഡൽഹി: വിപണിയിൽ ‘പ്ലാസ്റ്റിക് മുട്ട’യും കൃത്രിമ നിറം കുത്തിവെച്ച തണ്ണിമത്തനും ലഭ്യമാണെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നും ജനങ്ങൾ അനാവശ്യമായി ഭയപ്പെടേണ്ടതില്ലെന്നും അതോറിറ്റി അറിയിച്ചു.
FSSAI തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ആനിമേഷൻ വീഡിയോകളിലൂടെ ഇത്തരം വ്യാജവാർത്തകളിലെ വസ്തുതകൾ വിശദീകരിച്ചു. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ വഴി ലഭിക്കുന്ന മുട്ടകൾ പ്ലാസ്റ്റിക് ആണെന്ന തരത്തിലുള്ള പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും തമ്മിൽ കലരുന്നത് അല്ലെങ്കിൽ തോട് വരണ്ടതായി തോന്നുന്നത് വ്യാജമാണെന്നതിന് തെളിവല്ലെന്നും അവർ അറിയിച്ചു.
മുട്ടയുടെ ഗുണമേന്മ വീട്ടിൽ തന്നെ പരിശോധിക്കാൻ ഒരു ലളിതമായ മാർഗവും FSSAI നിർദേശിച്ചു. ഒരു പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് അതിലേക്ക് മുട്ട ഇടുമ്പോൾ, മുട്ട അടിത്തട്ടിൽ മുങ്ങി കിടക്കുകയാണെങ്കിൽ അത് ഫ്രഷ് ആണെന്ന് കരുതാം. മറിച്ച് വെള്ളത്തിൽ പൊങ്ങി കിടക്കുകയാണെങ്കിൽ അത് പഴകിയതായിരിക്കാം.
തണ്ണിമത്തനിൽ നിറം കുത്തിവെച്ച് വിപണനം ചെയ്യുന്നു എന്ന പ്രചാരണവും ശാസ്ത്രീയമായി അസാധ്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി. സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്ന നിറം പഴത്തിന്റെ മുഴുവൻ ഭാഗത്തും ഒരുപോലെ പടരുകയില്ലെന്നും, ഇത്തരത്തിലുള്ള പ്രക്രിയ പഴം വേഗത്തിൽ നശിക്കാൻ കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. വ്യാപകമായ വിപണന സാഹചര്യങ്ങളിൽ ഇത് പ്രായോഗികമല്ലെന്നും ചെലവേറിയതാണെന്നും അധികൃതർ അറിയിച്ചു.
സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം വ്യാജ വിവരങ്ങൾ വിശ്വസിക്കാതിരിക്കാനും, ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള സ്ഥിരീകരിച്ച വിവരങ്ങൾ മാത്രം ആശ്രയിക്കാനും FSSAI ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.






