തിരുവനന്തപുരം: കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. തുറമുഖങ്ങളെയും കണ്ടെയ്‌നര്‍ ടെര്‍മിനലുകളെയും ഏകോപിപ്പിച്ചുള്ള വലിയ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കും. അതോടൊപ്പം, കേരളത്തെ സൗത്ത് എഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും ആധുനികവത്കരിക്കും. സുസ്ഥിര വികസന മാതൃകയാണ് സര്‍ക്കാരിന്റെ താല്‍പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികള്‍ കൈക്കൊള്ളും. പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തും. നിര്‍മിത ബുദ്ധിക്ക് പ്രത്യേക പരിഗണന നല്‍കും. ഇതിനെല്ലാം അനുബന്ധമായ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.
പിണറായി വിജയന്റെ നയമല്ല പുതിയ സര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണെങ്കിലും നയങ്ങളില്‍ മാറ്റമുണ്ടാകും. അത് ജനങ്ങളോട് പറഞ്ഞാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കിഫ്ബിയെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ വെക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






