തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെ 13 പ്രതികളെ ജൂൺ 12 വരെ റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വാദം കേൾക്കും.
ഇതിനിടെ ആക്രമണത്തിൽ പങ്കെടുത്ത സിപിഎം പ്രവർത്തകൻ ദിനകരിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇ.ഡിയുടെ വാഹനത്തിന്റെ ചില്ലിൽ കൈകൊണ്ടും പിന്നീട് വലിയ വടികൊണ്ടും ദിനകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദിനകരിനെ കണ്ടെത്താനായി പൊലീസ് വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെ ആറുപേർ നേരത്തെ കീഴടങ്ങിയിരുന്നു. ഒരാളെ നോട്ടീസ് നൽകി വിട്ടയച്ചതായും, മറ്റ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.






