കൊല്ലം: തക്കാളി കയറ്റിയെത്തിയ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ശാസ്താംകോട്ട–കരുനാഗപ്പള്ളി പ്രധാനപാതയിലെ മൈനാഗപ്പള്ളി കുറ്റിയിൽമുക്കിൽ ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം.
അപകടത്തിൽ സാരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ സലാമിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് പ്രധാനപാതയിലേക്ക് ബൈക്ക് പ്രവേശിക്കുന്നതിനിടെയാണ് കരുനാഗപ്പള്ളിയിൽ നിന്ന് വന്ന ലോറി ഇടിച്ചത്.
ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം മഴയിൽ നനഞ്ഞ റോഡിൽ തെന്നിമറിഞ്ഞു. അപകടത്തെ തുടർന്ന് ലോറിയിലുണ്ടായിരുന്ന തക്കാളികൾ റോഡിലാകെ ചിതറിക്കിടന്നു.
അപകടത്തെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്തെ വൈദ്യുതി വിതരണവും നിലച്ചു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






