കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോതമംഗലം സ്വദേശി നിതിൻ (31) അറസ്റ്റിൽ. കുന്നത്തുനാട് പോലീസാണ് പ്രതിയെ പിടികൂടിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്.
പട്ടിമറ്റം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നിതിൻ പ്രണയബന്ധത്തിലായിരുന്നു. ഇതിനിടെ നിതിന്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതോടെ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി നടന്ന തർക്കത്തിനിടെ യുവതിയെ ക്രൂരമായി മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. യുവതി മരിച്ചെന്ന് കരുതിയ പ്രതി, കൈകൾ കൂട്ടിക്കെട്ടിയ ശേഷം കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
പുലർച്ചെ ബോധം വീണ്ടെടുത്ത യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജങ്ഷനിലെത്തി നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് വധശ്രമക്കുറ്റം ചുമത്തി.






