കോഴിക്കോട്: റിലീസിന് ഒരുങ്ങുന്ന ‘അജസുന്ദരി’ സിനിമയുടെ ഷൂട്ടിംഗ് സംഘം വിലങ്ങാട് പ്രദേശത്തെ വ്യാപാരികളെ കബളിപ്പിച്ചതായി ആരോപണം. ഷൂട്ടിംഗിനിടെ പലചരക്ക് സാധനങ്ങൾ വാങ്ങിയതിന്റെ ലക്ഷങ്ങൾ കുടിശ്ശികയായി നൽകിയിട്ടില്ലെന്നാണ് വ്യാപാരികളുടെ പരാതി.
ഷൂട്ടിംഗ് സംഘം മൂന്ന് മാസത്തിലധികം പ്രദേശത്ത് താമസിച്ച് ചിക്കൻ, ബീഫ്, താറാവ്, നാടൻ കോഴി, മുട്ട തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വ്യാപകമായി വാങ്ങിയതായും, എന്നാൽ പണം നൽകാതെ പോയതായും വ്യാപാരികൾ പറയുന്നു.
കാൻസർ രോഗിയായ ഒരു വ്യാപാരിക്ക് മസാലകൾ വാങ്ങിയതിന് 47,000 രൂപയും, മറ്റൊരു വ്യാപാരിക്ക് പാലും തൈരും വാങ്ങിയതിന് 42,000 രൂപയും, തേങ്ങ വാങ്ങിയതിന് 14,000 രൂപയും ലഭിക്കാനുണ്ടെന്ന് വ്യാപാരി സംഘടന അറിയിച്ചു. പണം ലഭിക്കാത്തതിനാൽ കടകൾ അടച്ചിടേണ്ട സാഹചര്യമാണെന്നും അവർ പറയുന്നു. സംഭവത്തിൽ വ്യാപാരി വ്യവസായ ഏകോപന സമിതി ഇന്ന് പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു.
അതേസമയം, സംവിധായകൻ ആഷിഖ് അബു ആരോപണങ്ങൾക്ക് പ്രതികരിച്ച്, കരാറുകാരന് പണം കൈമാറിയിരുന്നുവെന്നും ഇപ്പോൾ കരാറുകാരനെ കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്നമെന്നും പറഞ്ഞു. വിഷയത്തിൽ പൊലീസ് പരാതി നൽകിയിട്ടുണ്ടെന്നും ഉടൻ പരിഹാരം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.






