ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം യുവതി കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സഭാവത്തിൽ കുട്ടിയെ വേണ്ടെന്ന് യുവതി. സംഭവത്തിൽ കുഞ്ഞിനെ തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും.
കുഞ്ഞിനെ വളർത്താൻ താൽപര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. അമ്മയും കുഞ്ഞും നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് പാലു കൊടുക്കാൻ പോലും യുവതി തയ്യാറാകുന്നില്ലെന്നും ഇരുവരെയും വേറിട്ടാണ് പരിചരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച യുവതി ആശുപത്രി വിട്ടശേഷം കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറും. തുടർന്ന് കുഞ്ഞിനെ ആലപ്പുഴയിലെ ശിശുവിഹാറിലേക്ക് മാറ്റി സംരക്ഷിക്കും. രണ്ടുമാസത്തോളം അവിടെ കുഞ്ഞിനെ പരിചരിക്കും. ഈ സമയത്തിനിടെ അമ്മയ്ക്ക് മനസ്മാറ്റം ഉണ്ടായാൽ കുഞ്ഞിനെ തിരികെ നൽകാൻ പരിഗണിക്കും.
കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനാൽ യുവതിക്കെതിരേ വധശ്രമക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആശുപത്രി വിടുന്നതിന് പിന്നാലെ യുവതിയെ ചോദ്യം ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. യുവതിക്ക് കൗൺസലിംഗ് നൽകുന്നുണ്ടെന്നും അവർ സഹകരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഹരിപ്പാട് സർക്കാർ ആശുപത്രിയിലാണ് യുവതി ശൗചാലയത്തിൽ പ്രസവിച്ചത്. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് അവർ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത്.
യുവതി എറണാകുളത്ത് റേഡിയോളജി കോഴ്സിന് പഠിക്കുമ്പോൾ ജോലിയും ചെയ്തിരുന്നതായി വിവരമുണ്ട്. ജോലിസ്ഥലത്ത് പരിചയപ്പെട്ട യുവാവുമായി ഉണ്ടായ ബന്ധത്തെ കുറിച്ചും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി അവർ വീട്ടിലായിരുന്നുവെന്നും ഗർഭം കുടുംബത്തോട് മറച്ചുവെച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.






