തൊടുപുഴ: സ്മിത ആശുപത്രിയിൽ ജോലിക്കിടെ നഴ്‌സ് ജീവനൊടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. യുഎൻഎ യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചത്.
ജോലിക്കിടയിൽ ഉണ്ടായ സംഭവത്തെ തുടർന്ന് യുവതിയെ ഉടൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മാനസിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ചീഫ് നഴ്‌സിംഗ് ഓഫീസറും സൂപ്പർവൈസറും തുടർച്ചയായി മാനസികമായി പീഡിപ്പിച്ചുവെന്നാണ് ജീവനക്കാരുടെ ആരോപണം. ഇവർക്കെതിരെ മുമ്പും പരാതികൾ ഉണ്ടായിരുന്നുവെന്നും, ഇതേ സാഹചര്യത്തിൽ നിരവധി ജീവനക്കാർ ജോലി വിട്ടുപോയിട്ടുണ്ടെന്നും സഹപ്രവർത്തകർ പറയുന്നു.
ശമ്പളവും ജോലി സമയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ജീവനക്കാർ നേരിടുന്നുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഈ വിഷയങ്ങൾ പലതവണ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും ജീവനക്കാർ പറയുന്നു.
സംഭവത്തിന് പിന്നാലെ ആശുപത്രി മാനേജ്മെന്റ് ഇടപെട്ടു. വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.






