കോഴിക്കോട്: എസ്എൻഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനെ മന്ത്രി ബിന്ദു കൃഷ്ണ സന്ദർശിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ വി.പി. വിമർശനം ഉന്നയിച്ചു. സന്ദർശനവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും സാധാരണ പ്രവർത്തകരിൽ നിരാശയും പ്രതിഷേധവും ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെ പ്രതികരിച്ച ദുൽഖിഫിൽ, ഈ സന്ദർശനത്തെ പൂർണമായും അപലപിക്കുന്നുവെന്നും വ്യക്തമാക്കി. എസ്എൻഡിപി യോഗവും അതിലെ സാധാരണ പ്രവർത്തകരും മുൻ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പിന്തുണ നൽകിയിട്ടുണ്ടാകാമെന്നും അത് ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും ഒരു സമുദായത്തിനും ജില്ലയ്ക്കുമെതിരെ വർഗീയ പരാമർശങ്ങളും തെറ്റായ പ്രചാരണങ്ങളും നടത്തിയതായി ദുൽഖിഫിൽ ആരോപിച്ചു. ഇത്തരം പരാമർശങ്ങൾ തിരുത്താൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയെ അടിസ്ഥാനമാക്കി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത് മതേതര നിലപാടുകളാണെന്നും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതമായി നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാസിസത്തിനും വർഗീയതയ്ക്കുമെതിരായി പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർക്ക് ശക്തമായ സന്ദേശം നൽകേണ്ടത് നേതാക്കളാണെന്നും ദുൽഖിഫിൽ പറഞ്ഞു.
സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്ന വ്യക്തികളെയും പ്രവണതകളെയും അകറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വരും ദിവസങ്ങളിൽ കോൺഗ്രസിന്റെ മതേതര നിലപാട് കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കണമെന്നും അഭിപ്രായപ്പെട്ടു.






