പാലക്കാട്: കഞ്ചിക്കോട് വ്യാപാരിയെ ലോട്ടറി അടിച്ചെന്ന തെറ്റിദ്ധാരണയില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചെന്ന് പരാതി. കഞ്ചിക്കോട് കെ.ടി.സി ജംഗ്ഷന് സമീപത്തെ തേജസിലെ ബിനു എന്ന വ്യാപാരിയെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.
മെയ് 28ന് രാത്രിയാണ് അകത്തേത്തറയില്‍ നിന്ന് കാറിലെത്തിയ സംഘം ബിനുവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ചാവടി ചിമ്മണാംപതിയിലെ ഒരു ഒഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി കെട്ടിയിട്ട് 15 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് മര്‍ദിച്ചുവെന്ന് ബിനു പൊലീസിന് മൊഴി നല്‍കി.
ലോട്ടറി അടിച്ചതിലൂടെ ലഭിച്ച പണത്തില്‍ നിന്ന് 15 ലക്ഷം രൂപ നല്‍കണമെന്നും, കൂടാതെ ബിനുവിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് കാറുകള്‍ സംഘത്തിലെ ഒരാളുടെ പേരിലേക്ക് മാറ്റണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.
മെയ് 30ന് സംഘം സ്ഥലത്ത് നിന്ന് മാറിയ അവസരം ഉപയോഗിച്ച് ബിനു രക്ഷപ്പെട്ടു. സമീപത്തെ ഒരു സ്ഥാപനത്തിലേക്ക് ഓടി കയറിയ അദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് കാലിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.






