ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. അദ്ദേഹം സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയതിന് പിന്നാലെയാണ് ഈ ചർച്ചകൾ ശക്തമായത്. അണ്ണാമലൈയുടെ അനുയായികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പുതിയ പാർട്ടിക്കായുള്ള പേരുകളും പതാകയും പങ്കുവെക്കാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. പുതിയ പാർട്ടി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജൂണിൽ ഉണ്ടാകുമെന്നാണ് അനുയായികളുടെ അവകാശവാദം.
സമീപകാലത്ത് അണ്ണാമലൈ സ്വീകരിച്ച ചില നിലപാടുകൾ പുതിയ രാഷ്ട്രീയ നീക്കങ്ങളിലേക്ക് സൂചനയാണെന്ന ചർച്ചകളും രാഷ്ട്രീയ നിരീക്ഷകരിൽ ഉണ്ടായിരുന്നു. സിബിഎസ്ഇ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി കൊണ്ടുവന്ന ത്രിഭാഷാ നയം നടപ്പാക്കുന്നതിനെ അദ്ദേഹം വിമർശിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്ത്’ പരിപാടിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കാതിരുന്നതും ശ്രദ്ധ നേടിയിരുന്നു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി സഖ്യം പുതുക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ അണ്ണാമലൈ അതൃപ്തനായിരുന്നുവെന്നും പിന്നീട് പാർട്ടി തീരുമാനങ്ങൾ അനുസരിച്ച് എൻഡിഎ സഖ്യത്തിനായി പ്രവർത്തിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, അണ്ണാമലൈ പാർട്ടി വിടുകയോ പുതിയ പാർട്ടി രൂപീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. അദ്ദേഹത്തിന് ദേശീയ തലത്തിൽ പ്രധാന ചുമതലകൾ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.






