ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും മറ്റ് അസ്ഥികളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിലാണ് ചാക്ക് കുരുങ്ങിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അസ്ഥിക്കൊപ്പം പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ അസ്ഥികളും മറ്റ് വസ്തുക്കളും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചതിന് ശേഷമേ അസ്ഥികളുടെ ഉറവിടത്തെയും മറ്റ് സാഹചര്യങ്ങളെയും കുറിച്ച് വ്യക്തത ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.






