കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാർഡിലെ അന്വേഷണ അട്ടിമറിയും വിശദമായി അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാ പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
അതിജീവിതയ്ക്കായി സുപ്രീംകോടതി അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കേസിന്റെ തുടർനടപടികളിൽ അവർ തന്നെ ഹാജരാകുമെന്നാണ് വിവരം.
പീഡന ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് നിയമവിരുദ്ധമായി മൂന്ന് തവണ പരിശോധിക്കപ്പെട്ടതായി നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സംഭവവികാസങ്ങൾ കേസിന്റെ അന്വേഷണ നടപടികളിൽ ഗുരുതര ചോദ്യങ്ങൾ ഉയർത്തിയ സാഹചര്യത്തിലാണ് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഉടൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.






